District News
കൊട്ടിയം: വിഷരഹിത പച്ചക്കറികള് വീടുകളില് തന്നെ വിളയിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ മയ്യനാട് കൃഷിഭവന്റെ നേതൃത്വത്തില് നടപ്പിലാക്കുന്ന പച്ചക്കറി കൃഷിക്ക് തൈകളുടെ വിതരണം നടത്തി.
മയ്യനാട് പഞ്ചായത്ത് 21-ാം വാര്ഡില് നടന്ന തൈ വിതരണം ഗ്രാമപഞ്ചായത്ത് അംഗം ലിബിത ഉദ്ഘാടനം ചെയ്തു. പച്ചമുളക്, വെണ്ട, പയര്. തക്കാളി തുടങ്ങി അഞ്ചിനം പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.
District News
ആലപ്പുഴ: ജില്ലയിലെ പെയിന്റ് വ്യാപാരികളുടെയും തൊഴിലാളികളുടെയും വീടുകളിൽ പെയിന്റ് പ്ലസ് പച്ചക്കറിത്തോട്ടം പദ്ധതിക്കു തുടക്കം. കേരള പെയിന്റ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ഐ. നജാഹ് അബിൻ കുമാറിനും പ്രിയദർശിനിക്കും മഞ്ഞൾ തൈ നൽകി ഉദ്ഘാടനം ചെയ്തു.
വ്യാപാരികളുടെ വീടുകളിലേക്കാവശ്യമായ പച്ചക്കറി സ്വന്തമായി ഉത്പാദിപ്പിക്കുകയും പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വിജയിച്ചാൽ സംസ്ഥാനമെമ്പാടും പെയിനന്റ് പ്ലസ് പച്ചക്കറിത്തോട്ടം നടപ്പിലാക്കും.
ജില്ലാ പ്രസിഡന്റ് എ. അമൽ അധ്യക്ഷത വഹിച്ചു. ബെന്നിച്ചൻ കുട്ടൻചിറ, ബി. നൈസാം, സജീവ് തോപ്പിൽ, ഡി. തമ്പാൻ, നൈനാൻ തോമസ്, മായിൻ സിയാദ്, സുരേഷ് ജാനൂസ്, പ്രദീപ്, ബെനഡിക്ട് എഴുനൂറ്റിൽ, ജെ.എച്ച്. ഹാരീസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
കൊല്ലം: വിപണിയില് പച്ചക്കറി വില കുതിക്കുന്നു. തമിഴ്നാട്ടില് വേനല് കടുക്കുകയും പച്ചക്കറി കൃഷി വ്യാപകമായി നശിക്കുകയും ചെയ്തതോടെയാണ് പച്ചക്കറി വില കുതിച്ചുയരാന് ഇടയാക്കിയത്.
വേനല് കടുത്തതോടെ കേരളത്തില് പച്ചക്കറി ഉത്പാദനം കുറഞ്ഞു. ഇതോടെ തമിഴ്നാട് പച്ചക്കറിയെ കൂടുതലായി ആശ്രയിക്കാന് തുടങ്ങി. ഈ അവസരം മുതലെടുത്ത് തമിഴ്നാട് പച്ചക്കറിക്ക് വിലകൂട്ടുകയും ചെയ്തു.
ചില പച്ചക്കറി ഇനങ്ങളുടെ വില ഇരട്ടിയായി. മറ്റു ചിലതിന് 15 രൂപ വരെ വിലകൂടി. ബീന്സ് വിലയാണ് രണ്ടാഴ്ചയ്ക്കിടെ ഇരട്ടിയായത്.
ബീന്സ് മൊത്ത വില 70 ല് നിന്ന് 140 രൂപയായിട്ടാണ് ഉയര്ന്നത്. ഇഞ്ചി വില കിലോയ്ക്ക് 80 മുതല് 140 വരെയായി ഉയര്ന്നു. പാവയ്ക്ക കിലോയ്ക്ക് 70- 80 വരെയാണ് മൊത്തവിപണി വില. തക്കാളി 55 ല് നിന്ന് 60 ആയി. വെള്ളരി വിലയില് മാറ്റമില്ല. തടിയന്, മത്തന് 20 വീതം ചേന 30, മുരിങ്ങക്ക- 30, അമര- 30 , വെണ്ടയ്ക്ക- 30, കത്തിരി -40, പച്ചമുളക് -40 രൂപ വീതമാണ്.
ചെറിയ ഉള്ളി, ചേമ്പ്, പയര് എന്നീ ഇനങ്ങള്ക്ക് 70- 75 വരെയാണ് വില. പച്ചക്കറി ചില്ലറ വില്പനയില് ദൂരം കൂടുന്നതിന് അനുസരിച്ച് വില വ്യത്യാസം നേരിടും.തെങ്കാശി, പുളിയങ്കുടി, ചത്രം എന്നിവിടങ്ങളില് നിന്നാണ് പ്രധാനമായും പച്ചക്കറിയെത്തുന്നത്. ആന്ധ്ര, കര്ണാടക സംസ്ഥാനങ്ങളില് നിന്ന് വളരെകുറച്ച് പച്ചക്കറി ഇനങ്ങള് മാത്രമേ കൊല്ലം വിപണിയില് എത്തുന്നുള്ളൂ.
District News
ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിലെ പാരിഷ് ബുള്ളറ്റിൻ എസ്എൽ വോയ്സിന്റെ ആഭിമുഖ്യത്തിൽ പുതുതലമുറയ്ക്കായി പച്ചക്കറിത്തോട്ടപരിപാലന മത്സരം നടത്തുന്നു.
ഇടവകയിലെ നൂറോളം കുട്ടിക്കർഷകർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. അവരവരുടെ വീടുകളിലാണ് പച്ചക്കറിത്തോട്ടം പരിപാലിക്കേണ്ടത്. പച്ചക്കറിത്തൈകളുടെ വിതരണ ഉദ്ഘാടനം വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ നിർവഹിച്ചു.
അസി.വികാരി ഫാ. വിബി പൊറുത്തുകാരൻ, കെ.പി. പോളി, വി.എഫ്. ജാക്സൺ, ബിജു അന്തിക്കാട്ട്, അനീന റോബിൻ, ജാൻസി ഷാജു, എൻ.ജെ. ജയ്സൺ, ലിൻസി ജിജോ എന്നിവർ നേതൃത്വംനൽകി.
District News
കോഴിക്കോട്: ഒഴിവുസമയത്തെ പരീക്ഷണം എന്ന നിലയിൽ ആരംഭിച്ച പച്ചക്കറി കൃഷി സൂപ്പർ ഹിറ്റായതിന്റെ ത്രില്ലിലാണ് ഒരു കൂട്ടം ഡ്രൈവർമാർ. കോഴിക്കോട് പറമ്പിൽ ബസാറിലെ ടാക്സി- ഗുഡ്സ് ഡ്രൈവർമാരാണ് സ്റ്റാൻഡിനോട് ചേർന്ന വയലിൽ ജൈവരീതിയിൽ കൃഷി നടത്തുന്നത്.
ചീര, പയർ, വെണ്ട, മത്തൻ, പാവയ്ക്ക, വെള്ളരി, ഇളവൻ, പടവലം, പീച്ചിങ്ങ തുടങ്ങിയവയെല്ലാം 10 സെന്റോളം സ്ഥലത്ത് സമൃദ്ധമായി വിളഞ്ഞിരിക്കുകയാണ്. ഒഴിവുസമയത്ത് കൃഷി നടത്തിയാലോ എന്ന സൗഹൃദ കൂട്ടായ്മയിലെ ആലോചന പിന്നീട് വേരു പിടിക്കുകയായിരുന്നു.
വയലിന്റെ ഉടമയായ കൊളക്കാട്ടിൽ ബിജുവിനോട് അനുമതി വാങ്ങി നിലമൊരുക്കി. മികച്ചയിനം വിത്തുകൾ വാങ്ങി തൈകൾ മുളപ്പിച്ചു.
ഒഴിവുസമയങ്ങളിൽ എല്ലാം ശ്രദ്ധയോടെ പരിചരണം നടത്തി. ചാണകവും മറ്റു ജൈവവളങ്ങളും മാത്രമാണ് ഉപയോഗിച്ചത്. പി. ചന്ദ്രശേഖരൻ, ഹരീഷ് പാറേക്കാട്ടിൽ, മഹേഷ് മണ്ണാറക്കൽ, അബ്ദുൾ റഹീസ്, വിജീഷ്, ഷാഹുൽ ഹമീദ് എന്നിവരാണ് കൃഷിക്കായി മുന്നിട്ടിറങ്ങിയത്. മറ്റുള്ള ഡ്രൈവർമാരും പിന്തുണയും സഹായങ്ങളുമായി ഒപ്പം കൂടി.
വിളവെടുക്കുന്ന പച്ചക്കറി വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നതിന് പുറമെ തോട്ടത്തിൽ വച്ചുതന്നെ വിൽപ്പന നടത്തുന്നുമുണ്ട്. മികച്ച രീതിയിൽ വിളവ് ലഭിച്ചതിനാൽ വരും വർഷങ്ങളിലും കൃഷി തുടരണമെന്ന തീരുമാനത്തിലാണ് ഡ്രൈവർമാർ.
Kerala
പരവൂർ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതോടെ സംസ്ഥാനത്തുനിന്ന് ഗൾഫിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു. നിലവിൽ കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ വൻ തോതിൽ പഴം- പച്ചക്കറികള് കിടക്കുകയാണ്.
ഈ സാഹചര്യത്തിൽ കയറ്റുമതിക്കായി ശേഖരിച്ച പച്ചക്കറികൾ ഉൾപ്പെടെയുള്ളവ കേരളത്തിലെ പ്രാദേശിക മാർക്കറ്റിൽ വിറ്റഴിക്കുകയേ നിവർത്തിയുള്ളൂ. അങ്ങനെയെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ സംസ്ഥാനത്ത് പഴം- പച്ചക്കറി വിലയിൽ വൻ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്.
കയറ്റുമതിയിൽ തടസം തുടരുകയാണങ്കിൽ ഇവ നാട്ടൻപുറങ്ങളിലെ വിപണികളിൽ വിറ്റഴിക്കാൻതന്നെയാണ് കയറ്റുമതിക്കാരുടെയും കർഷകരുടെയും തീരുമാനം.
ഇവിടെനിന്നുള്ള പച്ചക്കറികളുടെ വലിയ വിപണിയാണ് ഗൾഫ് രാജ്യങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുംനിന്നുമുള്ള വിവിധ തരം പഴങ്ങളും പച്ചക്കറികളും വലിയ തോതിലാണ് ഗൾഫിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിൽനിന്നുള്ള ചക്കയ്ക്ക് ഉൾപ്പെടെ ഇപ്പോൾ അവിടെ വലിയ ഡിമാന്റാണ്.
യുദ്ധസാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ വിമാന ചരക്ക് ഗതാഗതത്തിൽ ഉണ്ടായ അനിശ്ചിതത്വവും ചില രാജ്യങ്ങളിലെ അപ്രതീക്ഷിത നിയന്ത്രണങ്ങളും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു.
കേരളത്തിലെയും തമിഴ്നാട്ടിലെയും മൊത്തവിതരണ മാർക്കറ്റുകളിൽ ഇതിനകംതന്നെ വിലയിൽ ഗണ്യമായ കുറവുണ്ടായതായി വ്യാപാരികൾ സൂചിപ്പിച്ചു. വരും ദിവസങ്ങളിൽ ചരക്കുകൾ കൂടുതൽ എത്തുന്നതോടെ വിലയിൽ വീണ്ടും വലിയ ഇടിവ് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് വ്യാപാരികൾ.
ഇപ്പോഴത്തെ വിലയിടിവ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക കർഷകരെയാണ്. കയറ്റുമതി വിപണിയിൽ കർഷകർക്ക് മാന്യമായ വില ലഭിച്ചിരുന്നു. കയറ്റുമതി തടസപ്പെട്ട് ആഭ്യന്തര വിപണിയിലേക്ക് മാറുമ്പോൾ കർഷകർക്ക് വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ കയറ്റുമതിക്കാരും കർഷകരും വ്യാപാരികളുമൊക്കെ വലിയ ആശങ്കയിലാണ്. യുദ്ധസാഹചര്യം എത്രത്തോളം നീണ്ടുനിൽക്കുമോ അത്രയും കാലം കയറ്റുമതി തടസപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. യുദ്ധാവസ്ഥയിൽ മാറ്റമൊന്നും സംഭവിക്കാതെ തുടർന്നാൽ സംസ്ഥാനത്തെ പഴം-പച്ചക്കറി വിപണിയിൽ വലിയ വിലയിടിവിന് സാധ്യതയുണ്ട്.
Kerala
വാഴക്കുളം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ, പോഷകത്തോട്ടം സ്ഥാപിക്കുന്നതിനു കാമ്പയിനുമായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ. 14 ജില്ലകളിൽ 4,500 യൂണിറ്റുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന കൃഷിവകുപ്പിന്റെ പോഷകസമൃദ്ധി മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘രാഷ്ട്രീയ കൃഷിവികാസ് യോജന പഴവർഗ പോഷകത്തോട്ട പദ്ധതി’യിൽ ഉൾപ്പെടുത്തിയാണ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും ശരാശരി 300 പോഷകത്തോട്ട യൂണിറ്റുകൾ നടപ്പാക്കും. ഹയർ സെക്കൻഡറി, സെക്കൻഡറി വിഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് മുൻഗണന.
ഗ്രീൻ കേഡറ്റ് കോർ പോലുള്ള വിദ്യാർഥി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുറഞ്ഞത് 10 സെന്റ് കൃഷിഭൂമിയെങ്കിലും ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കും. ഒരു സ്ഥാപനത്തിനു പരമാവധി അഞ്ച് യൂണിറ്റുകൾ അനുവദിക്കും.
മാവ്, പ്ലാവ്, പപ്പായ, പേര, നെല്ലി, സപ്പോട്ട, റംബുട്ടാൻ, പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി, തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ പഴവർഗ ഇനങ്ങൾ പോഷകത്തോട്ടങ്ങളിൽ ഉൾപ്പെടുത്തും.
District News
ചെറുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സമഗ്രപച്ചക്കറി ഉത്പാദന യഞ്ജം 2025-26 പദ്ധതിയുടെ ഭാഗമായി സ്ഥാപന പച്ചക്കറി കൃഷി ആരംഭിച്ചു.
നടീൽ ഉദ്ഘാടനം ഇടവരമ്പ് ഗവ. എൽപി സ്കൂളിൽകൃഷി ഓഫിസർ പി. അഞ്ജു നിർവഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക സി.കെ. ബീന അധ്യക്ഷ ത വഹിച്ചു.
കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ, സുനിൽ മാടത്താനി, ബിജു കുര്യൻ, റീജ എന്നിവർ പ്രസംഗിച്ചു. ചെറുപുഴ കൃഷിഭവൻ വഴി സമർപ്പിച്ച പദ്ധതി അധിഷ്ഠിത സ്ഥാപന പച്ചക്കറി കൃഷിയിൽ 54,500 രൂപയാണ് കൃഷി വകുപ്പ് കൃഷിക്കായി അനുവദിച്ചത്.50 സെന്റ് സ്ഥലത്ത് കൃത്യതാ കൃഷിയിലൂടെ 13 ഇനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
District News
കൊല്ലം: അമൃതുകുളങ്ങര മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ.എൽപി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി. ‘കൂട്ടുകൂടാം ഹരിത ചങ്ങാതിക്കൊപ്പം’എന്ന പരിപാടിയിൽ കുട്ടികൾ 50 പൂച്ചട്ടികളിൽ പച്ചക്കറി തൈകൾ നട്ടു.
വഴുതന, പച്ചമുളക്, വെണ്ട, തക്കാളി തുടങ്ങി സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളാണ് നട്ടത്. തൈകളുടെ വളർച്ചാഘട്ടങ്ങൾ കുട്ടികൾ ജൈവ ഡയറിയിൽ രേഖപ്പെടുത്തും. ജൈവ കൃഷിയുടെ ബാലപാഠങ്ങൾ കുട്ടികളിൽ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
അമൃതലയ പ്രസിഡന്റ് കെ.പ്രസന്നകുമാറും പ്രധാനാധ്യാപിക എസ്.ലളിതാഭായിയും ചേർന്ന് ആദ്യ പച്ചക്കറിത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡി.ഡിക്സൺ, എസ്.സുമിന, ഗ്രേസ് മൈക്കിൾ എന്നിവർ നേതൃത്വം നൽകി.